പിറന്നാളുകാരൻ മോഹൻലാൽ ആണെങ്കിലും പിറന്നത് സമ്മാനം ലഭിച്ചത് സന്ധ്യയ്ക്കാണ്. സന്ധ്യ വരച്ച മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇത് കണ്ട് മോഹൻലാൽ വരെ ആശ്ചര്യപ്പെട്ടു. എത്രയോ പേർ താരത്തിന്റെ ചിത്രം വരയ്ക്കാറുണ്ട്, ഇതിൽ എന്താണിത്ര പ്രത്യേകത എന്നായിരിക്കും. പ്രത്യേകതയുണ്ട്. സന്ധ്യയ്ക്ക് ഇരു കൈകളും കാലുകളുമില്ല.
അപ്രതീക്ഷിതമായി സന്ധ്യയെ തേടിയെത്തിയ സമ്മാനം മോഹൻലാലിന്റെ വീഡയോകോളാണ്. മൊബൈൽ സ്ക്രീനിൽ പ്രിയപ്പെട്ട ലാലേട്ടനെ കണ്ടപ്പോൾ സന്ധ്യയുടെ മനസ്സിൽ നിരവധി ലാലേട്ടൻ കഥാപാത്രങ്ങൾ മിന്നിമറഞ്ഞു.
മോഹൻലാലിന്റെ വാക്കുകൾ
‘മോൾ വരച്ച ചിത്രം കണ്ടിരുന്നു. ഇനിയും ഒരുപാട് ചിത്രങ്ങൾ വരയ്ക്കാനുള്ള അനുഗ്രഹമുണ്ടാകട്ടെ. ഞാനിപ്പോൾ ചെന്നൈയിലാണുള്ളത്. തിരിച്ചു നാട്ടിലെത്തുമ്പോൾ തീർച്ചയായും നേരിൽക്കാണാം…സന്ധ്യയ്ക്ക് ലാലേട്ടന്റെ ഉറപ്പ്. ലാലേട്ടനു പിറന്നാൾ ആശംസകൾ നൽകി സന്ധ്യയുടെ കുടുംബവും ഒപ്പംചേർന്നു.
മോഹൻലാലിന്റെ ചിത്രങ്ങൾ വരച്ചു കാത്തിരിക്കുന്ന സന്ധ്യയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട മോഹൻലാലിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് സനിൽകുമാറാണ് പ്രദേശവാസികളായ സുഹൃത്തുക്കളെയുംകൂട്ടി പാച്ചല്ലൂരിലെ സന്ധ്യയുടെ വീട്ടിലെത്തിയത്. ലാലേട്ടൻ പറഞ്ഞിട്ടാണ് വന്നതെന്നും അദ്ദേഹം ചെന്നൈയിലായതിനാൽ വരാൻ സാധിച്ചില്ലെന്നും അവർ സന്ധ്യയോടും വീട്ടുകാരോടും പറഞ്ഞു.
പിന്നീടായിരുന്നു സന്ധ്യയുടെ ജീവിതത്തിലെ ആ അസുലഭ നിമിഷം ഉണ്ടായത്. മോഹൻലാൽ വീഡിയോകോളിലൂടെ സന്ധ്യയോടു സംസാരിച്ചത്. “ലാലേട്ടൻ വിളിച്ചല്ലോ…ഇനി നേരിട്ടുകാണുമ്പോൾ ഞാനീ ചിത്രം കൈമാറും”… സന്ധ്യ അതിയായ സന്തോഷത്തോടെ പറയുന്നു. ഇരു കൈയും കാലുമില്ലാതെയാണ് പാച്ചല്ലൂർ സ്വദേശി സന്ധ്യ ജനിച്ചത്. ഇടതുകൈയിലെ നേർത്തവളവിൽ പെൻസിൽ പിടിച്ചുകൊണ്ടാണ് സന്ധ്യ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത്. അങ്ങനെ വരച്ച മോഹൻലാൽചിത്രം അദ്ദേഹത്തിനു സമ്മാനിക്കുക എന്നതാണ് സന്ധ്യയുടെ ആഗ്രഹം. ആ ആഗ്രഹം സഫലമാവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സന്ധ്യ.