എട്ട് വർഷമായി മകളെയോർത്ത് മനമുരുകി കഴിയുകയാണ് ഒരമ്മ. ഇന്ന് താൻ ആഗ്രഹിച്ച വിധി കോടതിയിൽ നിന്ന് എത്തിയതോടെ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയായ ജിഷയുടെ അമ്മ. തൻ്റെ മകൾ അനുഭവിച്ച വേദന കൊലയാളിയായ അമീറുൽ ഇസ്ലാമും അനുഭവിക്കണമെന്നാണ് അവർ പറഞ്ഞത്. കേസിൽ അമീറുൽ ഇസ്ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.
“എന്റെ മകൾ അനുഭവിച്ചത് പോലൊരു വേദന ഇനിയൊരു പെൺകുട്ടിയും അമ്മമാരും കുഞ്ഞുങ്ങളും അനുഭവിക്കരുത്. ഈയൊരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. എന്റെ മോൾ അനുഭവിച്ച വേദന അവനും തിരിച്ച് അനുഭവിക്കണം, അത്രയും ക്രൂരമായാണ് എന്റെ മോൾ കൊല്ലപ്പെട്ടത്. ഇവനെപ്പോലുള്ളവരെ കൊന്നു കളഞ്ഞാൽ മുൻപോട്ടെങ്കിലും സ്ത്രീകൾക്ക് മനഃസമാധാനത്തോടെ കഴിയാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എത്രയും വേഗം നടപ്പാക്കണം” എന്നാണ് നിയമവിദ്യാർഥിനിയുടെ അമ്മ പറഞ്ഞത്.
2016 ഏപ്രിൽ 28നാണ് നിയമവിദ്യാർത്ഥിനിയായ ജിഷയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷികളില്ലാത്ത കേസിൽ ഡി.എൻ.എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പിന്നീട് വിചാരണയ്ക്കൊടുവിൽ അമീറുൾ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വധശിക്ഷ ശരിവെക്കുകയായിരുന്നു.