നിങ്ങൾക്ക് പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ വരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക! ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (സിആർഎ). പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ വിളികളെ കരുതിയിരിക്കണമെന്ന് ജനങ്ങളോട് സി ആർ എ ആവശ്യപ്പെട്ടിട്ടുണ്ട്.
അപരിചിതമായ വിദേശ നമ്പരുകളിൽ നിന്ന് വരുന്ന കോളുകൾ പലതും ഫോൺ ഹാക്ക് ചെയ്യുന്നതിന് വേണ്ടിയാകാനുള്ള സാധ്യതയുണ്ട്. ഇത്തരം ഫോൺ വിളികൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. രാജ്യത്ത് ഇത്തരത്തിലുള്ള ഹാക്കിങ് പരാതികൾ പെരുകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
വിദേശ നമ്പറുകളിൽ നിന്ന് മിസ്ഡ് കോൾ വന്നാൽ ആ നമ്പറിലേയ്ക്ക് ഒരിക്കലും തിരിച്ചു വിളിക്കരുത്. മാത്രമല്ല, അപരിചിതർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള ആവശ്യപ്പടുകയാണെങ്കിൽ അത്തരം സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ജാഗ്രത പാലിക്കണമെന്നും സിആർഎ അധികൃതർ വ്യക്തമാക്കി.