പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രന് ദുബായ് ജബല്‍ അലിയിലെ സോനാപൂര്‍ ശ്മശാനത്തില്‍ അന്ത്യവിശ്രമം. തിങ്കളാഴ്ച വൈകിട്ട് കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് മൃതദേഹം സംസ്കരിച്ചത്.
ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു. യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ഹൃദയാഘാതത്തെ തുടർന്നു ഞായഴ്ച രാത്രി ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍റെ മരണം. പിന്നീട് കൊവിഡും സ്ഥിരീകരിച്ചിരുന്നു. സ്വര്‍ണ വ്യാപരത്തോടൊപ്പം കലാ, സാഹിത്യ, സാംസ്കാരിക, സിനിമാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ നിര്യാണത്തില്‍ പ്രവാസ ലോകം അനുശോചനം രേഖപ്പെടുത്തി.
ബാങ്ക് ജീവനക്കാരനായി കരിയര്‍ ആരംഭിച്ച അറ്റ്ലസ് രാമചന്ദ്രന്‍ എണ്‍പതുകളുടെ തുടക്കത്തിലാണ് സ്വര്‍ണവ്യാപര രംഗത്തെത്തുന്നത്. പിന്നീട് അറ്റ്ലസിന്‍റെ സുവര്‍ണ കാലഘട്ടമായിരുന്നു. കൈവെച്ച മേഖലകളിലൊക്കെ അറ്റ്സലസിന് മുന്നേറാനായി. എന്നാല്‍ 2015ല്‍ സാമ്പത്തിക കേസില്‍ അകപ്പെട്ടതോടെയാണ് അടിപതറിത്തുടങ്ങിയത്.
വായ്പ തിരിച്ചടവ് മുടങ്ങിയതിന് ബാങ്കുകൾ നല്‍കിയ കേസില്‍ മൂന്ന് വര്‍ഷം തടവ്. നിരന്തര പോരാട്ടങ്ങൾക്കൊടുവില്‍ തന്‍റെ ജുവല്ലറി ശാഖകളും ആശുപത്രിയും മറ്റും വിറ്റൊഴിഞ്ഞ് ബാധ്യത തീര്‍ത്തതോടെ ജയില്‍മോചനം. വാര്‍ദ്ധക്യത്തിലെത്തിയിട്ടും വീണ്ടും പുതിയ തുടക്കങ്ങൾ ലക്ഷ്യമിട്ട് നീക്കങ്ങൾ. എന്നും പുഞ്ചിരിയോടെ നിന്നിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ തകര്‍ച്ചയേയും പുഞ്ചിരിയോടെയാണ് നേരിട്ടത്.
ഒപ്പം നിന്നവര്‍ ഒറ്റുകാരാകുന്നത് വൈകിയാണ് തിരിച്ചറിഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സാമാജ്യം കൈവിട്ടുപോകുന്ന ഘട്ടത്തിലും ആരെയും തിരികെ വെല്ലുവിളിക്കാന്‍ രാമചന്ദ്രന്‍ തയ്യാറായില്ല. കഴിഞ്ഞ ജൂലൈയിലാണ് ദുബായ് കരാമയിലെ വസതിയില്‍ എണ്‍പതാം പിറന്നാൾ ആഘോഷിച്ചത്. അന്ന് പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകൾ നേരാനെത്തിയുരുന്നു. അവരോടൊക്കെ തന്‍റെ പുതിയ സ്വപ്നങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.
നഷ്ടപ്പെട്ട പ്രതാപം പുതിയ തുടക്കത്തോടെ വീണ്ടെടുക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അതിനുളള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് മരണം സംഭവിക്കുന്നത്. ജനഹൃദയങ്ങളില്‍ സൗമ്യനായിരുന്ന അറ്റ്ലസ് രാമചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് പ്രവാസ ലോകത്തെ മലയാളികൾ.