ഒമ്പതു ദിവസമായി ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെയുള്ള പുസ്തക പ്രേമികൾക്ക് വായനയുടെ വിരുന്നൊരുക്കിയ 33ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് കൊടിയിറക്കം. ഖത്തറിലെയും മേഖലയിലെ വിവിധ രാജ്യങ്ങളിലെയും സന്ദർശകർക്ക് വൈവിധ്യമാർന്ന പുസ്തകങ്ങളുടെ അപൂർവ ശേഖരമൊരുക്കിക്കൊണ്ടാണ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇത്തവണ മേളയ്ക്ക് തിരശീല വീഴുന്നത്. 42 രാജ്യങ്ങളില്‍ നിന്നായി 515ഓളം പ്രസാധകരുടെ സാന്നിധ്യമാണ് ഇത്തവണ മേളയെ വ്യത്യസ്തമാക്കിയത്.
അവസാന ദിവസമായ ഇന്ന് രാവിലെ 9 മുതല്‍ രാത്രി പത്ത് മണി വരെ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് മേള സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്. മലയാള പുസ്തകങ്ങളുടെ ശേഖരവുമായി ഐ.പി.എച്ച് പവിലിയനാണ് മേളയിൽ കേരള വായനക്കാർക്കുള്ള പ്രധാന കേന്ദ്രം. മാത്രമല്ല, ഐ.പി.എച്ചിന്റെയും മറ്റു പ്രസാധകരുടെയും സൃഷ്ടികളും ഇവിടെ ലഭ്യമാണ്. അയൽ രാജ്യമായ ഒമാനായിരുന്നു ഇത്തവണത്തെ അതിഥിരാജ്യം. ഇതിനുപുറമെ, ഖത്തറിലെ വിവിധ പുസ്തക പ്രസാധകർ, സർവകലാശാലകളിൽ നിന്നുള്ള പബ്ലിഷിങ് ഹൗസുകൾ എന്നിവയുടെയും സജീവ സാന്നിധ്യം മേളയെ കൂടുതൽ ആകർഷകമായി.