രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് യുഎഇയിലെ തെരഞ്ഞെടുത്ത മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം. മെയ് 18, 19 ശനി, ഞായർ ദിവസങ്ങളിലാണ് സൗജന്യ പ്രവേശനം അനുവദിക്കുക.
എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പേരിൽ മൂന്ന് പ്രദർശനങ്ങൾ സന്ദർശകർക്ക് സൗജന്യമായി കാണാം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊയുടേതു മുതൽ എക്സ്പൊ 2020 ദുബായ് വരെയുള്ള ചരിത്രം അടുത്തറിയാം. എക്സ്പോ സിറ്റിയിലെ മറ്റ് ആകർഷണങ്ങളിലേക്ക് അമ്പത് ശതമാനം നിരക്കിളവും പ്രഖ്യാപിച്ചു.
ലൂവ്റ് അബുദാബി
എമിറേറ്റ്സ് ഐഡിയുമായി എത്തുന്നവർക്ക് ശനിയാഴ്ച ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാത്രി 8.30 വരെയാണ് പ്രവേശനം. കലാസൃഷ്ടികളുടെ കലവറയാണിവിടം. വൈവിധ്യമാർന്ന നാഗരികതകളുടെയും കലാപാരമ്പര്യങ്ങളുടെയും നേർക്കാഴ്ച ആസ്വദിക്കാനാകും.
ഷാർജ മ്യൂസിയം
യുഎഇയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഷാർജ മ്യൂസിയത്തിലും സൗജന്യ പ്രവേശനമാണ്. മീൻപിടിത്തവും മുത്തുവാരലും ഉപജീവനമാക്കിയ സമൂഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഇവിടെ അടുത്തറിയാനാകും.
ഷിന്ദഗ മ്യൂസിയം
ദുബായ് ക്രീക്കിന് സമീപമുള്ള ശിന്ദഗ മ്യൂസിയത്തിലേക്കും ശനിയാഴ്ച സൗജന്യപ്രവേശനമാണ്. 1800 വർഷം മുതലുള്ള ദുബായുടെ ചരിത്രം ഇവിടെ കണ്ടറിയാനാകും തൊട്ടറിയാം. ദുബായുടെ നാഗരികതയും പൈതൃകവും പ്രതിഫലിപ്പിക്കുന്നതിനൊപ്പം അപൂർവ്വ സ്വത്തുകളും പ്രദർശനത്തിലുണ്ട്.
ഇത്തിഹാദ് മ്യൂസിയം
യുഎഇയുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ച ഇത്തിഹാദ് മ്യൂസിയത്തിലേക്കും സൗജന്യ പ്രവേശനമാണ്. ഐക്യ അറബ് എമിറേറ്റിൻ്റെ മുന്‍കാല ചരിത്രവും പിൽക്കാലത്ത് ഒരുമിച്ചതിൻ്റെ സന്ദർഭങ്ങളും ഇവിടെ കാണാനാകും. ജുമേറയിലെ യൂണിയൻ ഹൌസിനോട് ചേർന്നാണ് മ്യൂസിയം.
ഇൻ്റര്‍നാഷണല്‍ മ്യൂസിയം കൗണ്‍സിലിൻ്റ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും മെയ് 18നാണ് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നത്. 1977ലാണ് ആദ്യത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചത്. ‘ഗവേഷണത്തിനും പഠനത്തിനും മ്യൂസിയങ്ങൾ’ എന്ന തീമിലാണ് 2024 പരിപാടികൾ.
മ്യൂസിയങ്ങളുടെ സൃഷ്ടിപരമായ ശ്രമങ്ങളെ ഏകീകരിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ പ്രസക്തി വ്യക്തമാക്കുന്നതിനുമായാണ് മ്യൂസിയം ദിനം ആരംഭിച്ചത്. യുഎഇയിക്ക് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിലെ മ്യൂസിയങ്ങളിലും സൌജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.