ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വനിതയാരാണെന്ന് ചോദിച്ചാൽ മിക്കവരുടെയും അഭിപ്രായം ഐശ്വര്യ റായ് എന്നാകും. സിനിമയ്ക്ക് പുറമെ വിവിധ പരിപാടികളിൽ തിളങ്ങാറുള്ള ഐശ്വര്യ വർഷങ്ങളായി കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപറ്റിലെ നിറസാന്നിധ്യമാണ്. ഇത്തവണയും ചലച്ചിത്രമേളയുടെ ഭാഗമാകാൻ എത്തിയിരിക്കുകയാണ് ഐശ്വര്യ.
മകൾ ആരാധ്യയ്ക്കൊപ്പം ഫ്രാൻസിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിൽ എത്തിയ ഐശ്വര്യ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. കയ്യിൽ പരിക്കേറ്റതിനേത്തുടർന്ന് സ്ലിങ് ധരിച്ചായിരുന്നു താരമെത്തിയത്. താരത്തിന്റെ വലതു കൈക്കാണ് പരിക്കേറ്റിരുന്നത്. എങ്ങനെയാണ് താരത്തിന് പരിക്കേറ്റതെന്ന കാര്യത്തേക്കുറിച്ച് വ്യക്തതയില്ല. വിമാനത്താവളത്തിലെ താരത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കറുപ്പ് പാൻ്റും ഷർട്ടും നീല നിറത്തിലുള്ള നീണ്ട കോട്ടുമായിരുന്നു ഐശ്വര്യയുടെ വേഷം. നീല ഹൂഡിയും കറുപ്പ് പാൻ്റ്സുമാണ് ആരാധ്യ ധരിച്ചിരുന്നത്. ഐശ്വര്യയുടെ കൈക്ക് പരിക്കുപറ്റിയതിനാൽ ആരാധ്യ ഹാൻഡ് ബാഗ് വാങ്ങി കയ്യിൽ പിടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഐശ്വര്യ തന്റെ 22-ാമത്തെ റെഡ് കാർപറ്റ് പരിപാടിക്കായാണ് ഒരുങ്ങുന്നത്. ഇതോടെ റെഡ് കാർപ്പറ്റിലെ താരത്തിന്റെ ലുക്കിനായി കാത്തിരിക്കുകയാണ് ആരാധകർ.