ഇന്ത്യൻ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബിസിസിഐ നടത്തുന്നതിനിടെ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേയ്ക്ക് ആരാണ് എത്തുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഇനിയൊരു അങ്കത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡ് മാറി നിൽക്കുകയാണ്. ഈ അവസരത്തിൽ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്ന പേര് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെയും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെയും പേരാണ്.
രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ബിസിസിഐ അന്വേഷണം ആരംഭിച്ചത്. 2021-ൽ സ്ഥാനമേറ്റെടുത്ത ദ്രാവിഡ് മൂന്ന് വർഷത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെയും പരിശീലക സംഘത്തിൻ്റെയും കരാർ. പിന്നീട് ടി20 ലോകകപ്പ് കണക്കിലെടുത്ത് കരാർ പുതുക്കുകയായിരുന്നു. ദ്രാവിഡിന് വീണ്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നെങ്കിലും വീണ്ടും പരിശീലകനാകാൻ താത്പര്യമില്ലെന്ന നിലപാടിലാണ് താരം. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ താത്പര്യപ്പെടുന്നതിനാലാണ് ദ്രാവിഡ് അപേക്ഷിക്കാത്തതെന്നാണ് റിപ്പോർട്ട്.
വളരെ നാളുകൾക്ക് ശേഷം ഇത്തവണ ടീം ഇന്ത്യയ്ക്ക് വിദേശ പരിശീലകൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ വിദേശ പരിശീലകരായ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെയും റിക്കി പോണ്ടിങ്ങിന്റെയും പേരാണ് ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നത്. അതേസമയം പരിശീലക സ്ഥാനത്തേയ്ക്ക് വിവിഎസ് ലക്ഷ്മണിനെയും ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാൽ ലക്ഷ്‌മൺ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തായാലും ജൂണിൽ നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കും.