വിസ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ റസിഡൻസി അഫയേഴ്‌സ് വകുപ്പിലെ ജീവനക്കാരിക്ക് തടവ്. കുവൈത്തിൽ എൻട്രി വിസ ഇടപാട് വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ ജീവനക്കാരിക്ക് നാല് വർഷം തടവാണ് വിധിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം നടന്നത്. പാക്കിസ്ഥാൻ സ്വദേശിയിൽ നിന്നാണ് റസിഡൻസി അഫയേഴ്‌സ് ജീവനക്കാരി 500 ദിനാർ കൈക്കൂലി വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ജീവനക്കാരിക്കെതിരെ ഓഡിയോ, വീഡിയോ തെളിവുകളും ലഭിച്ചിരുന്നു. തെളിവുകൾ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടർന്നാണ് പ്രതിക്ക് തൊഴിലോടെ നാല് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.