ഐപിഎൽ മാമാങ്കം അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോൾ ആവേശം വാനോളമാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധത്തിലാണ് മത്സരം കൊടുമ്പിരി കൊള്ളുന്നത്. കളിക്കളത്തിലെ താരങ്ങളേപ്പോലെ ആരാധകരും അതീവ ആവേശത്തിലാണ്. മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകൾ പ്ലേ ഓഫിൽ സീറ്റുറപ്പിച്ചപ്പോൾ പല ടീമുകളുടെയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തു.
ഐപിഎല്ലിന്റെ തുടക്കം മുതൽ മുന്നേറിക്കൊണ്ടിരുന്ന ടീമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. രാജസ്ഥാനും ഇപ്പോൾ പ്ലേ ഓഫിൽ സീറ്റുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലക്‌നൗ സൂപ്പർ ജയന്റ്സും ഡൽഹി ക്യാപിറ്റൽസുമായി നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ജയിച്ചതോടെയാണ് രാജസ്ഥാൻ പ്ലേ ഓഫിൽ അക്കൗണ്ട് ഉറപ്പിച്ചത്. ഡൽഹിക്കെതിരെ 19 റൺസ് തോൽവി വഴങ്ങിയതോടെ ലക്നൗവിന് ഇനി അവസാന ലീഗ് മത്സരം ജയിച്ചാലും 14 പോയിൻ്റ് മാത്രമേ ലഭിക്കു. ഇതോടെ നിലവിൽ 16 പോയിൻ്റുള്ള രാജസ്ഥാൻ പ്ലേഓഫ് ഉറപ്പിക്കുകയായിരുന്നു.
നെറ്റ് റൺറേറ്റിൽ ലക്നൗവിനെക്കാൾ മുന്നിലുള്ള ബംഗളൂരു അടുത്ത മത്സരത്തിൽ ചെന്നൈയെ നല്ല മാർജിനിൽ തോൽപിച്ചാൽ പ്ലേഓഫ് ഉറപ്പാക്കാൻ സാധിക്കും. തിരിച്ച് ബംഗളൂരുവിനെതിരായ ജയം ചെന്നൈയ്ക്കും പ്ലേഓഫിലേക്കുള്ള വഴി തുറക്കും. ലക്നൗവിനെ തോൽപ്പിച്ചതോടെ 14 പോയിൻ്റ് ആയെങ്കിലും മൈനസ് നെറ്റ് റൺറേറ്റുള്ള ഡൽഹിക്ക് പ്ലേഓഫ് സാധ്യത കുറവാണ്.