ഇന്ത്യൻ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബിസിസിഐ നടത്തുന്നതിനിടെ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുക സ്റ്റീഫൻ ഫ്ളെമിങ്ങിനെയാണെന്ന് റിപ്പോർട്ട്. ടീം ഇന്ത്യയെ നയിക്കാൻ പ്രാപ്‌തനായ പരിശീലകൻ ഫ്ളെമ്മിങ്ങാണെന്നാണ് ബിസിസിഐ ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയും താരവുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ന്യൂസീലൻഡ് മുൻ ക്യാപ്റ്റനും നിലവിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ പരിശീലകനുമാണ് സ്റ്റീഫൻ ഫ്ളെമിങ്. 2009 മുതൽ ചെന്നൈയുടെ പരിശീലകനാണ് ഫ്ളെമിങ്. കൂടാതെ ബിഗ്‌ബാഷിൽ മെൽബൺ സ്റ്റാർസിൻ്റെയും എസ്.എ.20-യിൽ ജോബർഗ് സൂപ്പർ കിങ്സിന്റെയും കോച്ചാണ്. ഇന്ത്യൻ ടീമിന്റെ പരിശീലകനാകണമെങ്കിൽ ഫ്ളെമിങ്ങും അപേക്ഷ സമർപ്പിക്കേണ്ടിവരും. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വി.വി.എസ് ലക്ഷ്‌മണും ബിസിസിഐയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ ലക്ഷ്‌മൺ അപേക്ഷ നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
രാഹുൽ ദ്രാവിഡിന് ജൂൺ വരെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരാൻ സാധിക്കുക. അതിനാൽ ജൂണിൽ നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കും.