പന്തീരാങ്കാവിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മർദ്ദിച്ച സംഭവത്തിൽ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു.
മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു കഴിഞ്ഞു. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്.
അതേസമയം ഇരയായ യുവതിയുടെ പരാതി തള്ളി പ്രതിയുടെ അമ്മ ഉഷ രംഗത്തെത്തി. മകൻ രാഹുൽ മർദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ലെന്നും ഉഷ പറയുന്നു