കുറഞ്ഞ കാലം കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് നസ്ലിൻ. പ്രേമലു എന്ന ചിത്രത്തിലൂടെ അന്യഭാഷകളിലും ശ്രദ്ധേയനായ താരത്തേക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ്. സിനിമാ ലോകം ഉറ്റുനോക്കുന്ന ഒരാളാണ് നസ്ലിനെന്നും ഈ ചെറുപ്പക്കാരൻ ഭാവിയിൽ ഒരു സ്റ്റാർ ആകുമെന്ന് താൻ മുൻപ് പറഞ്ഞിരുന്നതായും പൃഥ്വിരാജ് വ്യക്തമാക്കി. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ.
“പുതിയ അഭിനേതാക്കൾ മലയാളത്തിൽ ഉണ്ടാകുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് പൃഥ്വിരാജ്. അത്തരത്തിൽ സിനിമാ ലോകം ഉറ്റുനോക്കുന്ന ഒരാളാണ് നസ്ലിൻ. ഒരു പുതിയ ടാലൻ്റെഡ് ആയിട്ടുള്ള അഭിനേതാവിനെ കാണുമ്പോൾ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇൻഡസ്ട്രിയിൽ ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. മലയാള സിനിമയിൽ ഇതിഹാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയിൽപ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോൾ ടൊവിനോയാണെങ്കിലും അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്ലിൻ. എനിക്കിപ്പോഴും ഓർമയുണ്ട്. ‘കുരുതി’യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി (മുരളി ഗോപി) ജോയിൻ ചെയ്യുന്നതിന് മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്ലിൻ എന്നൊരു പയ്യനുണ്ട്, അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആകുമെന്ന് തോന്നുന്നുവെന്നും പറഞ്ഞു. ഇപ്പോൾ നസ്ലിൻ നല്ല പോപ്പുലറായ യങ് സ്റ്റാർ ആയി മാറിയില്ലേ” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.