ഇന്ന് മലയാള സിനിമയിൽ നിരവധി താരപുത്രൻമാർ അരങ്ങുവാഴുന്നുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ്, മമ്മൂട്ടിയുടെ മകൻ ദുൽഖർ, ജയറാമിന്റെ മകൻ കാളിദാസൻ, ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും… സിനിമയിലെത്തി വിജയം നേടാൻ കഴിയാതെപോയ താരപുത്രന്മാരുമുണ്ട് മലയാളത്തിൽ. അനശ്വരനായ നടൻ തിലകന്റെ കുടുംബത്തിൽ നിന്നും ഷമ്മിയ്ക്കും ഷോബിയ്ക്കും പിന്നാലെ ഒരാൾകൂടി സിനിമയിലേക്കെത്തുകയാണ്. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.
അഭിമന്യുവിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഏത് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുകയെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ എന്ന പ്രത്യേകതയുമായാണ് മാർക്കോ ബിഗ് സ്ക്രീനിലേക്കെത്തുന്നത്. മിഖായേൽ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കിക്കൊണ്ടുള്ള മുഴുനീള സിനിമയാണിത്. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ചിത്രം പ്രേക്ഷകനെ ക്ഷണിക്കുന്നത്.
സിദ്ദീഖ്, ജഗദീഷ്, കബീർ ദുഹാൻസിംഗ്, ആൻസൺ പോൾ, ധുർവ ഥാക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വില്ലൻ മാർക്കോയുടെ പിന്നാമ്പുറക്കഥകൾ എന്തായിരിക്കുമെന്നറിയാൻ കാത്തിരിക്കാം.