33ആമത് അറബ് ഉച്ചകോടിയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ബഹ്റൈൻ. ഉച്ചകോടിയുടെ ഭാഗമായി വലിയ രീതിയിലുള്ള ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം. മെയ് 15,16 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്.
വാർഷിക പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യമായത്കൊണ്ട് തന്നെ അവധി സ്റ്റഡി ലീവായി പരിഗണിക്കാനും നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകൾ ഈ ദിനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും നിർദേശമുണ്ട്. എന്നാൽ അവധി നൽകുന്ന ദിവസങ്ങളിൽനടക്കേണ്ടിയിരുന്ന ക്ലാസുകൾ മറ്റ് ദിവസങ്ങളിലേക്ക് മാറ്റാനും പഠനം നടത്താനുമുള്ള സാധ്യതകൾ ആരായാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പരീക്ഷകളുണ്ടെങ്കിൽ അതിന് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കണം. കിന്റർഗാർട്ടനുകൾക്കും രണ്ട് ദിവസം അവധിയായിരിക്കും. ബഹ്റൈൻ യൂനിവേഴ്സിറ്റിയ്ക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.