ജന്മനാട് പ്രിയ സഖാവിന് വിട നൽകാനൊരുങ്ങുകയാണ്. തലശ്ശേരി ടൗൺഹാളിലെ പൊതുദർശനം മണിക്കൂറുകൾ പിന്നിടുമ്പോഴും കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ കാത്തു നിൽക്കുകയാണ് ആയിരങ്ങൾ. തലശ്ശേരി ടൗണ്‍ ഹാളിൽ ഇന്ന് ഉച്ചയോടെ ആരംഭിച്ച പൊതുദര്‍ശനം രാത്രി അവസാനിപ്പിക്കും. പിന്നീട് തലശ്ശേരി മാടായിപീടികയിലുള്ള കോടിയേരിയുടെ വീട്ടിലേക്ക് മൃതദേഹം മാറ്റുകയാണ്. ഇന്ന് രാത്രി വീട്ടിൽ വെച്ചശേഷം മൃതദേഹം നാളെ രാവിലെ അഴീക്കോടൻ സ്മാരകമന്ദിരത്തിലേക്കും 11 മണിയോടെ കണ്ണൂർ സിപിഐഎം ജില്ലാ കമ്മറ്റി ഓഫിസിലേക്കും കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് കോടിയേരിയെ സംസ്കരിക്കുക.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരിയുടെ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുമ്പോൾ
മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരും പാർട്ടി നേതാക്കളുമായി നിരവധി പേർ മൃതദേഹം ഏറ്റുവാങ്ങാൻ ആയി എത്തിയിരുന്നു. അഞ്ചു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കോടിയേരി എന്ന നേതാവ് ജനഹൃദയങ്ങളിൽ നേടിയെടുത്ത സ്ഥാനം വ്യക്തമാക്കുന്ന വൈകാരിക രംഗങ്ങളായിരുന്നു വിലാപയാത്രയിൽ ഉടനീളം.
വിമാനത്താവളം മുതൽ തലശ്ശേരി ടൗൺ ഹാൾ വരെയുള്ള റോഡിൽ ഇരുവശത്തുമായി പ്രിയ നേതാവിൻ്റെ
ഭൗതികശരീരം ഒരു നോക്ക് കാണാൻ ജനം കാത്തുനിന്നു.
പ്രിയ നേതാവിൻറെ ചേതനയറ്റ ശരീരം കണ്ട് പ്രവർത്തകർ വിങ്ങിപ്പൊട്ടി കൊണ്ട് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു. ജന്മനാടിൻ്റെ മടിത്തട്ടിൽ നിശ്ചലനായി കിടക്കുന്ന കോടിയേരിയെ കണ്ട് അദ്ദേഹത്തിൻ്റെ ഭാര്യ വിനോദിനി തളർന്നുവീണു.മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ പ്രിയ സഖാവിനെ ചെങ്കൊടി പുതപ്പിച്ച് മണിക്കൂറുകൾ ഒരേയിരുപ്പ് ഇരുന്നു.
വിപ്ലവ സ്മരണകൾ ഇരമ്പുന്നിടമാണ് പയ്യാമ്പലം. അവിടെ ബീച്ചിൽ മണൽപരപ്പിനോട് ചേർന്നുള്ള സ്മൃതി കുടീരങ്ങളിൽ AKG, അഴീക്കോടൻ രാഘവൻ തുടങ്ങിയ ഇടതു നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. അതിനോട് ചേർന്നാണ് കോടിയേരി ബാലകൃഷ്ണനെയും സംസ്കരിക്കുക. സി പി ഐ എം സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദനും ഇ. കെ നായനാർക്കുമിടയിലാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കുക.