മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൻ-പൃഥ്വിരാജ് കൂട്ടുകെട്ടിലുള്ള എമ്പുരാൻ. എമ്പുരാന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ വാർത്തയിൽ ഇടം നേടുന്നത്. മലയാള സിനിമ ഇന്ന് വരെ ചിത്രീകരിക്കാത്ത ലൊക്കേഷനുകളിലാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്.
അമേരിക്കയിലും യുകെയിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ ദുബായിയും അബുദാബിയുമടക്കമുള്ള ഗൾഫ് രാജ്യങ്ങളിലാണ്. ചിത്രം 15 ലൊക്കേഷനുകളിൽ ചിത്രീകരിക്കുമെന്നാണ് ഇപ്പോഴുള്ള കണക്ക്. ഓരോ ഘട്ടത്തിനു ശേഷം ഒരു മാസത്തോളം സമയം ഇടവേളയുണ്ട്. വലിയ സെറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ വേണ്ടിയാണിത്. ചിത്രത്തിൽ രാജ്യാന്തര താരങ്ങളും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒന്നാം ഘട്ടം ലെ, ലഡാക്ക് എന്നിവിടങ്ങളിലെ മലനിരകളിലാണു ചിത്രീകരിച്ചത്. ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും ചിത്രീകരണം ബാക്കിയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാകും ചിത്രീകരിക്കുക.
ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്താന്‍ വേണ്ടി മാത്രം പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട്ട് മാസമാണെന്നാണ് റിപ്പോർട്ട്. സിനിമയിൽ കാണിക്കുന്ന അതാതു രാജ്യങ്ങളിൽത്തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്റെ പ്രധാന പ്രത്യേകത. 150 കോടി രൂപ ചെലവിലാണ് ചിത്രം നിർമാണം പ്രതീഷിച്ചതെങ്കിലും അത് കടക്കാനാണ് സാധ്യത.2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.