ബീച്ചിൽ പോവാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. അവധി ദിനങ്ങൾ ചിലവഴിക്കാൻ പലരും ബീച്ച് തെരഞ്ഞെടുക്കാറുമുണ്ട്. റാസല്‍ഖൈമയുടെ ആകാശത്ത് ഒരു ബീച്ച് ഉയരാൻ പോകുകയാണ്. ആകാശത്ത് ബീച്ചോ, ഞെട്ടിയല്ലേ? എന്നാൽ കേട്ടത് സത്യമാണ്.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള മേല്‍ക്കൂരയിലെ ബീച്ച് നിര്‍മാണത്തിന് ഒരുങ്ങുകയാണ് റാസല്‍ഖൈമ. റാക് അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ച് 100കോടി ദിര്‍ഹം ചിലവിട്ടുകൊണ്ടാണ് റൂഫ്ടോപ്പ് ബീച്ച് നിർമ്മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതി 2026ല്‍ പൂര്‍ത്തീകരിക്കുമെന്ന് മാന്റ ബേ സി.ഇ.ഒ ആന്‍ഡ്രെ ഷറപെനക് പറഞ്ഞു.സ്വന്തമായി മണലും കടല്വെള്ളവുമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബീച്ചായി ഇത് ചരിത്രത്തിൽ ഇടം പിടിക്കും, തീർച്ച.
യു.എ.ഇയില്‍ മാന്റ ബേ തുടങ്ങുന്ന പദ്ധതികളെല്ലാം ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കാതെ കടന്ന് പോയിട്ടില്ല. 400 ദശലക്ഷം ദിര്‍ഹം ചെലവിൽ റസിഡന്‍ഷ്യല്‍ ഫ്രീ ഹോള്‍ഡ് പ്രോജക്ട് നിര്‍മാണം പൂര്‍ത്തീകരിക്കുക. 450 യൂണിറ്റുകള്‍ക്ക് 1.2 ദശലക്ഷം ദിര്‍ഹമാണ് പ്രാരംഭ നിരക്ക്. യു.എ.ഇയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വളര്‍ച്ചയില്‍ റാസല്‍ഖൈമ ഇതോടെ പ്രധാന പങ്കുവഹിക്കുന്ന സിറ്റിയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
രാജ്യത്തെ പ്രമുഖ ഡെവലപ്പര്‍മാര്‍ ഇതിനകം റാക് അല്‍മര്‍ജാന്‍ ഐലന്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വേ ഇന്‍ റിസോര്‍ട്ട് തുറക്കുന്നതോടെ കൂടുതല്‍ വിദേശ സംരംഭകര്‍ റാസല്‍ഖൈമയിലേക്ക് പറന്നെത്തുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ലോകത്തിലെ ദൈര്‍ഘ്യമുള്ള സിപ്പ്ലൈന്‍, സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റ് തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മേല്‍ക്കൂരയുള്ള ബീച്ച് എന്ന ഖ്യാതി റാസല്‍ഖൈമയുടെ വിനോദ മേഖലക്ക് മുതൽക്കൂട്ടായി എത്തുന്നത്. ഇനി അവധി ദിനങ്ങൾ ആകാശം തൊടുന്ന ബീച്ചിൽ ചിലവഴിക്കാം.