കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും വൻ നഷ്ടമാണെന്ന് രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ അനുശോചിച്ചു.സഖാവ് കോടിയേരി ബാലകൃഷ്ണന് വിടവാങ്ങിയെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ. സോദരതുല്യമല്ല യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേതെന്നും ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
കോടിയേരിയുടെ അന്ത്യവാർത്ത ടി വി യിൽ കണ്ടപ്പോൾ അച്ഛൻ്റെ കണ്ണുകളിൽ നനവ് പടർന്നുവെന്ന് വി എസ് അച്യുതാനന്ദൻ്റെ മകൻ പറയുന്നു. അനുശോചനം അറിയിക്കണമെന്ന് മകൻ വി എ അരുൺ കുമാറിനോട് പറയുകയാണുണ്ടായത്.
ഇന്നലെ രാത്രി തന്നെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് അന്തിമോപചാരമര്‍പ്പിച്ചിരുന്നു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കോടിയേരിയെ ഓർത്തെടുക്കുന്നത് രാഷ്ട്രീയത്തിനപ്പുറം ബന്ധം കാത്ത് സൂക്ഷിക്കുന്ന വിനീതനായ നേതാവായാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു.കോടിയേരിയുടെ അകാലത്തിലുള്ള വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ കോടിയേരിയെ ഓർത്തെടുക്കുന്നത് ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ എന്നാണ്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും സൗഹൃദഭാവേന ഇടപെട്ട നേതാവും സിപിഐഎമ്മിലെ സൗമ്യ മുഖവുമായിരുന്നു കോടിയേരിയെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം അനുസ്മരിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും മുൻകൈയെടുത്ത് പ്രവർത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ അനുസ്മരിക്കുന്നു.