ഇടവിട്ടുള്ള മഴയ്ക്ക് ശേഷം സൗദി അറേബ്യയിൽ വേനൽക്കാലമെത്തുന്നു. ജൂൺ മാസത്തിന്റെ ആരംഭത്തോടെയാണ് സൗദിയിൽ വേനൽ ആരംഭിക്കുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മക്ക, താഇഫ്, റിയാദ്, നജ്റാൻ, അസീർ, അൽബാഹ മേഖലയിലാണ് മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളത്. അതോടൊപ്പം കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ വർഷം രാജ്യത്ത് കടുത്ത വേനലായിരിക്കും അനുഭവപ്പെടുകയെന്നാണ് വിലയിരുത്തൽ. എന്നാൽ വേനൽകാലത്തും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഈ ആഴ്ചയോടെ വസന്തകാലത്തിന് അവസാനമാകും. ഇതിൻ്റെ ഭാഗമായാണ് വിവിധ ഭാഗങ്ങളിൽ താപനിലയിൽ വ്യത്യാസം വന്നിരിക്കുന്നതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. കിഴക്കൻ പ്രവിശ്യയിയും മധ്യ പ്രവിശ്യയിലും ഇതിനകം താപനില കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ഉയരുമെന്നും അധികൃതർ വ്യക്തമാക്കി.