കുവൈത്ത് പാര്‍ലമെൻ്റ് വീണ്ടും പിരിച്ചുവിട്ടു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റേതാണ് നടപടി. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് റദ്ദാക്കിയതായും ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അമീര്‍ പ്രഖ്യാപിച്ചു. അതേസമയം നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ അമീറും മന്ത്രിസഭയും ഏറ്റെടുക്കും.
കുവൈത്തിലെ രാഷ്ട്രീയ സമീപകാല പ്രക്ഷുബ്ധത നിശബ്ദത പാലിക്കാൻ കഴിയാത്ത ഘട്ടത്തിലെത്തിയതോടെയാണ് നടപടിയെന്ന് അമീർ വിശദീകരിച്ചു. രാജ്യത്തിൻ്റെയും ജനങ്ങളുടെയും മികച്ച താൽപ്പര്യം കൈവരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രതിസന്ധികൾ തരണം ചെയ്യാനും വികസനത്തിലേക്ക് രാജ്യത്തെ നയിക്കാനുമാണ് പ്രയാസകരമായ തീരുമാനം കൈക്കൊണ്ടതെന്നും അമീർ അറിയിച്ചു.
ജുഡീഷ്യറിയും സുരക്ഷാ സംവിധാനവുമാണ് രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടത്.. സുരക്ഷാ ഉദ്യോഗസ്ഥരോടും രാജ്യത്തെ ഭരണ സംവിധാനത്തോടുള്ള ബഹുമാനവും അന്തസ്സും നഷ്ടപ്പെടുന്ന ഒരു കാര്യവും അനുവദിക്കില്ലെന്നും അമീര്‍ കൂട്ടിച്ചേർത്തു.
ഭരണഘടനാ മൂല്യങ്ങള്‍ ലംഘിക്കപ്പെടുന്ന കാര്യങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്ത് വർഷങ്ങളായി ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളുടെ പിടിയിലാണ് . കഴിഞ്ഞ ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടന്നിട്ടും പുതിയ സർക്കാർ രൂപീകരണത്തിൽ പിരിമുറുക്കം തുടരുകയായിരുന്നു.