‘ആഹ്ലാദം ആകാശം മുട്ടേ…’, ദുബായിലെ മൂന്നടി ഉയരക്കാരന് പ്രണയ സാഫല്യം

Date:

Share post:

‘സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ….’ ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്കിന് ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഒരു സ്വപ്നം പോലും കാണാൻ മടിച്ചിരുന്ന കാര്യം ഇന്നിതാ യാഥാർഥ്യമായതിന്റെ ആഹ്ലാദം. അബ്ദു റോസിക്ക് വിവാഹിതനാവാൻ പോകുകയാണ്. ഇതിൽ എന്താണിത്ര പ്രത്യേകത എന്നായിരിക്കും ചിന്തിക്കുന്നത്. പ്രത്യേകതയുണ്ട്, സഫലമാവാൻ പോകുന്നത് ഒരു കുറിയ മനുഷ്യന്റെ വലിയ സ്വപ്നമാണ്. അതിന് ആദ്യം അബ്ദു റോസിക്ക് ആരാണെന്ന് അറിയണം.

താജിക്കിസ്താനിലെ ഒരു കര്‍ഷക കുടുംബത്തിലാണ് അബ്ദു റോസിക്ക് ജനിച്ചത്. മൂന്നടി മാത്രം ഉയരമുള്ള ഈ ഇരുപതുകാരന് ഇന്ന് ഇൻസ്റ്റാഗ്രാമിൽ 8.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. അതിന് പിന്നിലുമുണ്ട് ഒരു വലിയ കഥ പറയാൻ. പ്രാദേശിക ചന്തകളില്‍ പാട്ടുപാടി ഉപജീവനം കഴിച്ചിരുന്ന നാളുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും ഉയരങ്ങൾ കീഴടക്കണമെന്ന ലക്ഷ്യത്തിന് മുൻപിൽ ഉയരകുറവ് ഒരു തടസ്സമായിരുന്നില്ല. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇനത്തില്‍ ഹസ്ബുള്ള മഗ്മെദോവുമായുള്ള പോരാട്ടത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് അബ്ദു റോസിക്കിനെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ലോകമറിയുന്ന സോഷ്യല്‍ മീഡിയ താരമായി അദ്ദേഹം വളർന്നു. അംഗീകാരമെന്നോണം യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ‘സെലിബ്രിറ്റി ഇന്‍ഫ്‌ളുവന്‍സര്‍ ഓഫ് ദ ഇയര്‍’ ആയും അബ്ദു റോസിക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദു ഇന്ത്യന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുകയും ചെയ്തു. ഇന്ന് അബ്ദു റോസിക്ക് എന്ന ഈ മൂന്നടി ഉയരക്കാരനെ അറിയാത്തവർ വിരളം.

ഇപ്പോൾ അബ്ദു റോസിക്ക് ഇത്രയും സന്തോഷവാനാകുള്ള കാരണം? ഉയരക്കുറവ് കൊണ്ട് ഉയരങ്ങൾ കീഴടക്കിയ ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ്. ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ ഹൃദയം കവർന്ന ആ സുന്ദരി. ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ പോകുകയാണ് എന്ന വാർത്ത അതിയായ സന്തോഷത്തോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായ് മാളില്‍ വച്ചാണ് അബ്ദു അമീറയെ കണ്ടുമുട്ടിയത്. ‘എനിക്ക് ദൈനംദിന ജീവിതം അത്ര എളുപ്പമല്ല. ഒരുപാട് തടസ്സങ്ങള്‍ ഉള്ളതിനാല്‍ സ്‌നേഹം കണ്ടെത്തുകയെന്നത് അതിനേക്കാള്‍ വലിയ വെല്ലുവിളിയായിട്ടായിരുന്നു തോന്നിയിരുന്നത്. പക്ഷേ, ദൈവത്തിന് സ്തുതി, ഞാന്‍ അമീറയെ കണ്ടെത്തി. ഞാന്‍ ആരാണെന്നും എന്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ അവള്‍ എന്നെ സ്‌നേഹിക്കുന്നു. ഞാൻ എത്ര ഭാഗ്യവാനാണ്’ അബ്ദു സന്തോഷം അടക്കാൻ കഴിയാതെ പറയുന്നു.

ജൂലൈ ഏഴിന് യുഎഇയില്‍ വച്ച് ഇരുവരും ഒന്നാകും. എന്നാൽ, വിവാഹം എവിടെ വച്ചായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ മാനേജ്മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റും ഇദ്ദേഹത്തിന്റെ കല്യാണക്കാര്യം ശരിവച്ചിട്ടുണ്ട്. കുറവുകൾ ഒരിക്കലും ലക്ഷ്യങ്ങൾ സഫലീകരിക്കാൻ തടസ്സമാവില്ല, അവ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമാണ് എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച അബ്ദു റോസിക്കിന് വിവാഹ മംഗളാശംസകൾ.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...