ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ എയർ എന്ത്യ എക്‌സ്പ്രസിന്റെ സർവ്വീസുകൾ താളംതെറ്റിയിരിക്കുകയാണ്. എന്നാൽ ഈ അവസരം മുതലാക്കി സർവ്വീസ് നടത്തുകയാണ് മറ്റ് വിമാന കമ്പനികൾ. എയർ ഇന്ത്യയിലെ പ്രതിസന്ധിക്ക് പിന്നാലെ വരാനിരിക്കുന്ന സ്‌കൂൾ വേനൽ അവധിയും കണക്കാക്കി കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിരിക്കുകയാണ് പല കമ്പനികളും. ഇതോടെ അത്യാവശ്യ യാത്രകൾക്ക് ഇതല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയിലാണ് യാത്രക്കാർ.
സലാം എയർ, ഒമാൻ എയർ എന്നിവയുടെ നിരക്കുകളിലാണ് കാര്യമായ വർധനവുണ്ടായിരിക്കുന്നത്. സലാം എയറിന്റെ മസ്‌കത്ത് – കോഴിക്കോട് റൂട്ടിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാൻ തന്നെയില്ല. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 13 വരെ കോഴിക്കോട് നിന്ന് മസ്കത്തിലേയ്ക്കും ഈ മാസം 15വരെയും ടിക്കറ്റില്ല. 14 മുതൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യമാണെങ്കിലും 90 റിയാലാണ് നിരക്ക് ഈടാക്കുന്നത്. ഈ മാസം 20 മുതൽ നിരക്കിൽ ചെറിയ കുറവുണ്ടാവുമെങ്കിലും 25ന് മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് 122 റിയാലാണ് നിരക്ക്. 29ന് വൺവേക്ക് 144ഉം 31ന് 204 റിയാലായും ഉയരുന്നുണ്ട്. അടുത്തമാസം 13 വരെ സമാന നിരക്ക് തന്നെയാണ് സലാം എയർ കോഴിക്കോട്ടേക്ക് ഈടാക്കുന്നത്. 18ന് ശേഷം ചില ദിവസങ്ങളിൽ നിരക്ക് 107 റിയാലായി നിരക്ക് കുറയുന്നുണ്ട്.
കോഴിക്കോടേക്ക് ഒമാൻ എയറിലും ഉയർന്ന നിരക്ക് തന്നെയാണ് ഈടാക്കുന്നത്. മസ്കത്തിൽ നിന്നും കോഴിക്കോടേക്കുള്ള നിരക്കുകൾ 200 റിയാൽ കടന്നിട്ടുണ്ട്. എന്നാൽ മെയ് 14ഓടെ വൺവേ നിരക്ക് 133 റിയാലാവുന്നുണ്ടെങ്കിലും പിന്നീട് നിരക്കുകൾ 153 റിയാലായി ഉയരുകയാണ്. 24ന് കോഴിക്കോട്ടേക്കുള്ള നിരക്ക് ഇപ്പോൾ 179 റിയാലാണ്. 27 മുതൽ 236ഉം 28ന് ഇത് 253 റിയാലായും വർധിക്കുന്നുണ്ട്. ജൂണിലും ഉയർന്ന നിരക്ക് തന്നെയാണ് ഒമാൻ എയർ ഈടാക്കുക. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചതോടെ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.