എത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്ക് പോകുന്നവരാണോ നിങ്ങൾ? എങ്കിലും നിങ്ങൾക്ക് ‘ഡബിൾ ധമാക്ക’. കാര്യമെന്താണെന്നറിയാതെ അന്തിച്ചു നിൽക്കേണ്ട, എത്തിഹാദ് എയർവേയ്സും സാംസ്കാരിക വിനോദസഞ്ചാര വകുപ്പും – അബുദാബി ( DCT Abu Dhabi)യും സംയുക്തമായി ‘അബുദാബി സ്റ്റോപ്പ്ഓവർ ലോഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരിപാടി ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വെച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത്, എത്തിഹാദ് എയർവേയ്സിൽ വിദേശയാത്ര നടത്താൻ ഉദ്ദേശിക്കുന്നവർക്ക് അബുദാബിയിൽ 2 ദിവസം സൗജന്യമായി താമസിക്കാം. സന്തോഷമായില്ലേ?
മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന കൂട്ടത്തിൽ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ തങ്ങി ഇഷ്ടമുള്ള സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും കണ്ട് സമയം ചിലവഴിക്കാം. ഡിസിടി അബുദാബിയുടെ ടൂറിസം ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി സാലിഹ് മുഹമ്മദ് അൽ ഗെസിരിയും എത്തിഹാദിന്റെ സിഇഒ അന്റൊണാൾഡോ നെവെസും തമ്മിൽ ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഇതിനോടകം തന്നെ ഒപ്പുവച്ചു കഴിഞ്ഞു. എത്തിഹാദ് എയർവേയ്സിന് മാത്രമുള്ള അബുദാബി സ്റ്റോപ്പ്ഓവർ, അബുദാബി വഴി പറക്കുന്ന അതിഥികൾക്ക് ലോകോത്തര ഹോട്ടലുകൾ, ഊർജ്ജസ്വലമായ ഡൈനിംഗ് സീൻ, ബീച്ചുകൾ, ഫുൾ ത്രോട്ടിൽ വിനോദം എന്നിവ ആസ്വദിച്ച് ഹാപ്പിയായി മടങ്ങാം.
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. എത്തിഹാദിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഓൺലൈൻ ബുക്കിംഗ് പ്രക്രിയയുടെ ഭാഗമായി അതിഥികൾക്ക് ഒരു സ്റ്റോപ്പ് ഓവർ ചേർക്കാനും കോംപ്ലിമെന്ററി ഹോട്ടൽ തിരഞ്ഞെടുക്കാനുമുള്ള ഓപ്ഷൻ ലഭിക്കും. നഗരത്തിലുടനീളമുള്ള പ്രീമിയർ ഹോട്ടലുകളുടെ ശ്രേണിയിൽ അതിഥികൾക്ക് ഒന്നോ രണ്ടോ രാത്രികൾ സൗജന്യ താമസം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഓർക്കുക, etihad.com-ൽ നേരിട്ട് ബുക്ക് ചെയ്യുമ്പോൾ മാത്രമേ സ്റ്റോപ്പ് ഓവർ പാക്കേജുകൾ ലഭ്യമാകൂ. സമയം കളയാതെ, സൗജന്യ ട്രിപ്പ് വെയ്റ്റിംഗ് ആണ്.