ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് വീണ്ടും വലഞ്ഞ് പ്രവാസികളടക്കമുള്ള യാത്രക്കാർ. എയർ ഇന്ത്യ സർവീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയർ ഇന്ത്യയിൽ സർവ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിൻ ക്രൂ ജീവനക്കാർ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളാണ് കഴിഞ്ഞ ദിവസം മുതൽ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.
ജീവനക്കാർ പണിമുടക്ക് തുടരുന്നതിനാൽ എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ രണ്ടാം ദിവസവും റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദാക്കി. കരിപ്പൂരിൽ റദ്ദാക്കിയത് മൂന്ന് സർവീസുകളാണ്. അൽ ഐൻ, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് കരിപ്പൂരിൽ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അൽ ഐൻ സർവീസ്, 08.50നുള്ള ജിദ്ദ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സർവീസുകൾ.
8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരിൽ നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാർജ, അബുദബി, ദമാം, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കണ്ണൂരിൽ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. സലാല, റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്.
അതേസമയം മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തുവന്നുവെന്ന വാർത്തയും പുറത്തുവരുന്നു. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടാൽ നോട്ടീസ് നൽകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുത്തത് ആസൂത്രിതമായാണെന്നും കാബിൻ ക്രൂവിന് നൽകിയ പിരിച്ചുവിടൽ കത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കുന്നു. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.