തടാകങ്ങളെയും കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എങ്കിൽ നിർമ്മിതികളുടെ കാര്യത്തിൽ ആരെയും അതിശയിപ്പിക്കുന്ന ഷാർജയിൽ ശ്രദ്ധനേടുകയാണ് അൽ ലയ്യാ കനാൽ പദ്ധതി. എന്താണിതെന്നല്ലേ, അറേബ്യൻ ഗൾഫിൽ നിന്ന് ഖാലിദ് തടാകത്തിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന കനാലാണിത്.
ഖാലിദ് തടാകത്തിലേയ്ക്കും മംസാർ തടാകത്തിലേയ്ക്കും കടലിനെ ബന്ധിപ്പിക്കുന്ന അൽ ലയ്യാ പദ്ധതി വിനോദ മേഖലയ്ക്ക് ഉണർവ്വേകുന്നതാണ്. രണ്ട് പ്രധാന പാലങ്ങൾ, ഒരു വാട്ടർകനാൽ, കടൽഭിത്തി എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 850 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും 4 മീറ്റർ ആഴത്തിലുമാണ് ഈ കനാൽ നിർമ്മിക്കുക. ഏത് കടുത്ത കാലാവസ്ഥയിലും കനാലിനെ സംരക്ഷിക്കുന്നതിനായി 320 മീറ്റർ നീളത്തിൽ വേവ് ബ്രേക്കറുമുണ്ട്. ഈ കടൽഭിത്തിയുടെ നിർമ്മാണം വിജയകരമാണോയെന്ന് വിലയിരുത്തുന്നതിനുള്ള പരീക്ഷണവും കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
അതോടൊപ്പം ഇസ്ലാമിക വാസ്തുവിദ്യ ഉൾകൊള്ളുന്ന വാട്ടർഫ്രണ്ട് നിർമാണവും പദ്ധതിയിലുണ്ട്. ഇതുമാത്രമല്ല, കനാലിന്റെ ഇരുവശങ്ങളിലുമായി റെസ്റ്റോറന്റുകൾ, കഫേകൾ ഉൾപ്പെടെയുള്ള ഷോപ്പുകളും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടേയ്ക്കെത്തുന്ന വിനോദസഞ്ചാരികൾക്കായാണ് ഇത്തരം വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. എന്തായാലും അൽ ലയ്യാ കനാൽ പദ്ധതി പൂർത്തിയാകുന്നതോടെ വിനോദ മേഖല കുതിച്ചുയരുമെന്ന കാര്യത്തിൽ സംശയമില്ല.