പാലക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു. 34 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം.
കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.