ഐപിഎൽ പോരാട്ടം ദിവസങ്ങൾ കഴിയുംതോറും മുറുകുകയാണ്. ആര് വാഴും ആര് വീഴും എന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധമാണ് മത്സരം കടുക്കുന്നത്. ഇതിനിടെ പ്ലേ ഓഫിലെത്താതെ മുംബൈ ഇന്ത്യൻസ് പുറത്തായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചതോടെ മുംബൈ ആരാധകർ വീണ്ടും ആവേശത്തിലാണ്.
ഈ സമയത്ത് ഐപിഎൽ 2024 സീസണിൽ ഇനിയും പ്ലേ ഓഫിലെത്താമെന്ന് മുംബൈ ഇന്ത്യൻസിന് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനാകാത്ത അവസ്ഥയിലാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറാണ് ഇതുസംബന്ധിച്ച് താരത്തോട് ചോദ്യം ഉന്നയിച്ചത്. ഇതോടെ അടുത്ത രണ്ട് മത്സരങ്ങളിലാണ് ഇപ്പോൾ ശ്രദ്ധയെന്നും കണക്കിലെ സാധ്യതകൾ തനിക്ക് അറിയില്ലെന്നുമാണ് ഹാർദിക് മറുപടി നൽകിയത്.
“നമ്മളിപ്പോൾ സംസാരിക്കുന്ന കണക്കുകുട്ടലുകളെക്കുറിച്ച് എനിക്ക് വലിയ ധാരണകളില്ല. അതേസമയം ബാക്കിയുള്ള മത്സരങ്ങളിൽ മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറ്റർമാർ നന്നായി തന്നെ കാര്യങ്ങൾ ചെയ്‌തു. എനിക്കു കൃത്യമായി പന്തെറിയാൻ സാധിച്ചു. സുര്യകുമാർ യാദവ് അവിശ്വസനീയമായ രീതിയിലാണു ബാറ്റു ചെയ്‌തത്. ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിനു സാധിച്ചു. മത്സരങ്ങൾ മാറ്റിമറിക്കാൻ ശേഷിയുള്ള ബാറ്ററാണ് സൂര്യ. അദ്ദേഹത്തെ ടീമിൽ ലഭിച്ചത് മുംബൈ ഇന്ത്യൻസിന്റെ ഭാഗ്യമാണ്” എന്നാണ് ഹാർദിക് പാണ്ഡ്യ വ്യക്‌തമാക്കിയത്.
പോയിൻ്റ് പട്ടികയിലെ ഒൻപതാം സ്ഥാനക്കാരായ മുംബൈയ്ക്ക് ഇനി പ്ലേ ഓഫിലെത്താൻ സാങ്കേതികമായി സാധ്യത കുറവാണ്. 12 കളികൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് നാലെണ്ണത്തിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്. എട്ട് തോൽവികൾക്കാണ് ടീം വഴങ്ങിയത്. ഇനിയുള്ള രണ്ട് കളികൾ മികച്ച മാർജിനിൽ ജയിച്ചാലും മറ്റു ടീമുകളുടെ മത്സര ഫലങ്ങൾ കൂടി അനുകൂലമായെങ്കിൽ മാത്രമേ മുംബൈയ്ക്ക് സാധ്യതയുണ്ടാകൂ.