ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയായിരുന്നു കനകലത. വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരത്തിന്റെ വേർപാട് താങ്ങാനാകാത്ത അവസ്ഥയിലാണ് സിനിമാ ലോകം. കനകലതയ്ക്ക് വേദനയോടെ ആദരാഞ്ജലി അർപ്പിക്കുകയാണ് നടൻ മോഹൻലാൽ. പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ നേരുന്നുവെന്നാണ് താരം കുറിച്ചത്.
“മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. 280ലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ” എന്നാണ് മോഹൻലാലിന്റെ സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.
ഇന്നലെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു കനകലതയുടെ അന്ത്യം. പാർക്കിൻസൺസും മറവിരോഗവും ബാധിച്ച് വളരെനാളായി ചികിത്സയിലിരിക്കവേയായിരുന്നു താരം വിടപറഞ്ഞത്.