കാലിഫോർണിയയിൽ പ്രസംഗ വേദിയിൽ നിന്ന് ബോധം നഷ്ടമായത് പോലെ ആൾക്കൂട്ടത്തിലേക്ക് നടന്നുനീങ്ങി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഇന്നലെ ഫെഡറൽ എമർജൻസി മാനേജ്മെൻ്റ് ഏജൻസിയുടെ (ഫെമ) ഓഫിസിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ‘ഇയാൻ’ ചുഴലിക്കാറ്റിനെതിരായ പ്രതിരോധനടപടിയെ പ്രശംസിച്ച് ബൈഡൻ സംസാരിച്ചിരുന്നു. ജോ ബൈഡൻ്റെ ആരോഗ്യനില യുഎസിൽ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
"Mr. President………?" pic.twitter.com/DOdTltF6g1
— RNC Research (@RNCResearch) September 29, 2022
പ്രസംഗം പൂർത്തിയാക്കിയ ബൈഡൻ തിരികെ പോകുന്നതിന് പകരം വലത്തേക്ക് തിരിഞ്ഞ് ജനക്കൂട്ടത്തിനിടയിലേക്ക് നടന്നുപോകുകയായിരുന്നു. വേച്ച് വേച്ച് നടന്നുപോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി. പ്രസംഗശേഷം ബൈഡൻ ‘നന്ദി’ എന്ന് പറയുന്നതും പെട്ടെന്ന് ആൾക്കൂട്ടത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതും കാണാം.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥ ‘മിസ്റ്റർ പ്രസിഡൻ്റ്’ എന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം അത് അവഗണിച്ചു കൊണ്ട് പോവുകയായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് ബൈഡൻ ഹസ്തദാനം നൽകുന്നതും വിഡിയോയിൽ കാണാം. അടുത്തിടെ മരിച്ച യുഎസ് കോൺഗ്രസ് പ്രതിനിധിയെ, ജീവിച്ചിരിപ്പുണ്ടെന്ന മട്ടിൽ ബൈഡൻ അഭിസംബോധന ചെയ്തത് വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് പുതിയ സംഭവം.