കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ വൈറൽ കണ്ടന്റ്. വാർത്ത ചാനലുകളിലെ അന്തി ചർച്ചയും കുറച്ചു നാളായി ഈ വിഷയം തന്നെയായിരുന്നു. ഡ്രൈവർ യദുവും മേയർ ആര്യ രാജേന്ദ്രനും പരസ്പരം പഴി ചാരികൊണ്ടിരിക്കുന്ന വിഷയത്തിൽ മേയർ നൽകിയ പരാതിയ്ക്ക് മാത്രമായിരുന്നു പോലീസ് നടപടി സ്വീകരിച്ചിരുന്നത്.
സാധാരണക്കാരനായ കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതി കന്റോൺമെന്റ് പോലീസ് കണ്ടില്ലെന്ന് നടിച്ചു. പക്ഷെ, കോടതിയ്ക്ക് യദുവിന്റെ പരാതിയിൽ നടപടി സ്വീകരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. മേയറും കുടുംബവും നടത്തിയ നിയമലംഘനത്തിന് കോടതി പോലീസിനോട് കേസെടുക്കാൻ നിർദേശിച്ചിരിക്കുകയാണിപ്പോൾ. ഡ്രൈവർ യദു നൽകിയ പരാതിയിൽ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ആര്യ രാജേന്ദ്രൻ, സച്ചിന്‍ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, അന്യായമായി തടങ്കലില്‍ വയ്ക്കുക, അസഭ്യം പറയല്‍ എന്നീ പരാതികളാണ് യദു മേയർക്കും ഒപ്പമുണ്ടായിരുന്നവർക്കുമേതിരെ നൽകിയ ഹര്‍ജിയില്‍ ആരോപിച്ചത്. പരാതി കോടതി പൊലീസിനു കൈമാറിയിട്ടുണ്ട്. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. മേയർക്കെതിരെയുള്ള കോടതിയുടെ ഉത്തരവ് സാധാരണക്കാരന്റെ നിയമത്തിലുള്ള വിശ്വാസത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് എന്നാണ് പലരുടെയും അഭിപ്രായം.
അതേസമയം, ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വർക്ക്ഷോപ്പിൽ വച്ചായിരുന്നു ബസ്സിൽ ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പൊലീസ് ശേഖരിച്ചു. യദു ഉള്‍പ്പെടെ ബസ് ഓടിച്ചവർ, ബസിലുണ്ടായിരുന്ന കണ്ടക്ടർമാർ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഡ്രൈവർ-മേയർ തർക്കം കൂടുതൽ സങ്കീർണ്ണമാവുന്ന സാഹചര്യത്തിൽ അധികാരം ജയിക്കുമോ പൗരൻ ജയിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.