വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക ’വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതയാണ്. ഈ രണ്ട് വരിയിൽ അടങ്ങിയിട്ടുള്ളതിന്റെ അർത്ഥം എത്ര വിവരിച്ചാലും മതിയാകില്ല. വായനിലൂടെ മാത്രമേ അറിവ് നേടി വളരാൻ സാധിക്കുള്ളൂ. വായനയെ നിരന്തരം പ്രേത്സാഹിപ്പിക്കുന്ന രാജ്യംകൂടിയാണ് യുഎഇ. എത്രയെത്ര ബുക്ക് ഫെസ്റ്റിവലുകൾക്കാണ് യുഎഇ ആതിഥ്യം വഹിക്കുന്നത്.
ഷാർജ പബ്ലിക് ലൈബ്രറിക്ക് 25 ലക്ഷം ദിർഹം ഗ്രാൻ്റ് അനുവദിച്ചിരിക്കുകയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 15-ാമത് വാർഷിക ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൽ (SCRF 2024) പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നും പുസ്തക വിൽപ്പനക്കാരിൽ നിന്നും ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഗ്രാൻ്റ് വിനിയോഗിക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ഇവൻ്റിന് വർഷം തോറും ഈ ഗ്രാൻ്റ് നൽകിവരുന്നുണ്ട്.
ആഗോളതലത്തിൽ ശാസ്ത്രം, കല, ചരിത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് വിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാർഥികൾ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, മറ്റ് പ്രഫഷണലുകൾ, വായനക്കാർ എന്നിവർക്കായി ലൈബ്രറയിലെ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരം വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.