മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന്റെ ഹർജി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയർന്ന കേസിൽ സിഎംആർഎൽ കമ്പനിക്ക് സംസ്ഥാന സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്. സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണ് മകൾ വീണാ വിജയന് സിഎംആർഎലിൽ നിന്ന് മാസപ്പടി ലഭിക്കാൻ കാരണമെന്നാണ് ഹർജിയിലെ മാത്യു കുഴൽനാടന്റെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം.
കോടതി ഇതിൽ വിധി പറയാനിരിക്കെ നിലപാട് മാറ്റിയ മാത്യു തെളിവ് കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലൻസ് വേണോയെന്ന് ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നാണ് പിന്നീട് കോടതി നിർദേശിച്ചത്. കോടതി മതിയെന്നും മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.