നീറ്റ് പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികൾ. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളിൽ ചിലർ സന്തോഷത്തോടെ ഹാൾ വിട്ട് പുറത്തുവന്നപ്പോൾ മറ്റ് ചിലരുടെ മുഖത്ത് ദു:ഖവും നിരാശയുമായിരുന്നു നിഴലിച്ചിരുന്നത്. യുഎഇയിൽ 2,209 പേരാണ് പരീക്ഷ എഴുതിയത്. അബുദാബി, ദുബായ്, ഷാർജ എന്നീ 3 കേന്ദ്രങ്ങളിലായാണ് യുഎഇയിൽ പരീക്ഷ നടത്തിയത്.
യുഎഇയിൽ മൊത്തം 2,263 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 54 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. പരീക്ഷയ്ക്ക് ശേഷം സീൽ ചെയ്‌ത ഉത്തരക്കടലാസുകൾ ദുബായ്, ഷാർജ എന്നീ കേന്ദ്രങ്ങൾ ഇന്ത്യൻ കോൺസുലേറ്റിലും അബുദാബി കേന്ദ്രം ഇന്ത്യൻ എംബസിയിലും സമർപ്പിച്ചു. ഇവിടെ നിന്ന് ഡിപ്ലോമാറ്റിക് ബാഗിലാക്കി അവ ഇന്ത്യയിലേയ്ക്ക് എത്തിക്കും. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു മൂന്ന് കേന്ദ്രങ്ങളിലും പരീക്ഷ സംഘടിപ്പിച്ചത്.
എല്ലാ കേന്ദ്രങ്ങളിലെയും പരീക്ഷകൾ ശാന്തവും സുഗമവുമായാണ് നടന്നത്. ഫിസിക്സ്, ബയോളജി പേപ്പറുകൾ താരതമ്യേന എളുപ്പമായിരുന്നെങ്കിലും കെമിസ്ട്രി ബുദ്ധിമുട്ടായിരുന്നുവെന്ന് മിക്ക വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടപ്പോൾ നീളമുള്ള ചോദ്യങ്ങൾ വായിച്ച് മനസിലാക്കാൻ ഒരുപാട് സമയമെടുത്തതായും പലരും വ്യക്തമാക്കി. അതേസമയം, പഠിച്ചതിനേക്കാൾ നന്നായി പരീക്ഷ എഴുതാൻ സാധിച്ചെന്ന് പറഞ്ഞ വിദ്യാർത്ഥികളുടെ എണ്ണവും നിരവധിയാണ്.