ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഇടങ്ങളിൽ വാഹന പാർക്കിങ് അനുവദിക്കുന്നതിന് പുതിയ മാർഗ നിർദേശങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ പെർമിറ്റുള്ള വാഹനം നിർദിഷ്ട പാർക്കിങ് മേഖല ഉപയോഗിക്കാൻ പാടില്ല എന്നതുൾപ്പെടെയുള്ള നിർദേശങ്ങളോടെയാണ് പുതിയ പെർമിറ്റ് ഫോർമാറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നിയമലംഘനം രജിസ്റ്റർ ചെയ്യാനും പെർമിറ്റ് റദ്ദാക്കാനും ഗതാഗത വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത് മാത്രമല്ല, ഭിന്നശേഷി പെർമിറ്റ് വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നുണ്ട്.
രാജ്യത്ത് ഭിന്നശേഷിക്കാരുടെ പാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം, പഴയ പെർമിറ്റുകൾ കാലാവധി അവസാനിക്കുന്നതുവരെ സാധുതയുള്ളതായി തുടരുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പൊതു ഇടങ്ങൾ, മാളുകൾ, പാർക്കുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനു വേണ്ടിയാണ് പ്രത്യേക ഏരിയ ഇവർക്ക് വേണ്ടി തയാറാക്കി നൽകുന്നത്. ഇവിടെ, മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് നിയമ ലംഘനവും കടുത്ത നടപടികൾക്ക് ഇട വരുത്തുന്നതുമായ കുറ്റമാണ്.
ഭിന്നശേഷി പാർക്കിംഗ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ പാർക്കിങ് അനുവദനീയമല്ല
2) നിയമലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് പെർമിറ്റ് റദ്ദാക്കാനുള്ള അവകാശമുണ്ട്.
3) പെർമിറ്റ് മുൻവശത്തെ വിൻഡ്ഷീൽഡിന് പിന്നിൽ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം
4) പെർമിറ്റ് നഷ്ടപ്പെട്ടാൽ ഗതാഗത വകുപ്പിന് മുൻപാകെ 48 മണിക്കൂറിനുള്ളിൽ ഇക്കാര്യം അറിയിച്ചിരിക്കണം
5) നഷ്ടപ്പെട്ട പെർമിറ്റ് കണ്ടുകിട്ടുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഗതാഗത വകുപ്പ് കാര്യാലയത്തിലോ ഏൽപ്പിക്കേണ്ടത് നിർബന്ധമാണ്
6) ഗതാഗത വകുപ്പിന്റെ ഔദ്യോഗിക മുദ്ര ഇല്ലാത്ത പെർമിറ്റുകൾ അസാധുവായി കണക്കാക്കപ്പെടും
7) പെർമിറ്റ് അനധികൃതമായി ഉപയോഗിക്കുന്നവരുടെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കപ്പെടുകയും നിയമലംഘനം രജിസ്റ്റർ ചെയ്യുകയും ചെയ്യും
8) ഭിന്നശേഷിക്കാർ വാഹനത്തിൽ ഇല്ലാത്ത സമയങ്ങളിൽ പെർമിറ്റ് ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതിനും നിരോധനമെർപ്പെടുത്തിയിട്ടുണ്ട്