രാജ്യത്തെ കോൺഗ്രസിൻ്റെ വീണ്ടെടുപ്പിനായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാക്കി ഉച്ച തിരിഞ്ഞ് തമിഴ് നാട്ടിലെ ഗൂഡലൂരിൽ പ്രവേശിച്ച് നാളെ മുതൽ കർണാടകത്തിലാണ് പദയാത്ര. ഇന്ന് രാവിലെ 6.30ന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിക്കുന്നത്. സംഘടന തലത്തിലെ പല ഒത്തുതീർപ്പ് ചർച്ചകളും ജോഡോ യാത്രയ്ക്കിടെ തന്നെ നടന്നിരുന്നു. കേരളത്തിൽ നിന്ന് ഇനി പോകുന്നത് പാർട്ടി ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ്.
യാത്രയിലെ വലിയ ജനപങ്കാളിത്തം ഉണ്ടായത് പാർട്ടിയുടെ തിരിച്ചു വരവായാണ് നേതൃത്വം കാണുന്നത്. ഈ മാസം ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര പതിനൊന്നിന് കേരളത്തിൽ എത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്.
കേരളത്തിൽ മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.