സൗദിയിൽ പുതിയ ‘കളിക്കളം’ ഒരുങ്ങുന്നു. ദമ്മാമിലാണ് പുതിയ സ്റ്റേഡിയം വികസനത്തിന് കരാറായിട്ടുള്ളത്. ബെൽജിയൻ കമ്പനിയായ ബേസിക്സിനും സൗദി കമ്പനിയായ അൽബവാനിയും ചേർന്നാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണം നടത്തുക. സ്റ്റഡിയവും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് ഒരു ബില്യൺ ഡോളർ ചിലവ് വരുമെന്നാണ് പ്രതീക്ഷ. സ്പോർട്സ് മന്ത്രാലയവും സൗദി അരാംകോയും ചേർന്നാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
2027 ഏഷ്യൻ കപ്പിനും 2034 ഫിഫ വേൾഡ് കപ്പിനും വേദിയാകാൻ പോകുന്നത് ഈ സ്റ്റേഡിയമാണ്. 3.7 ബില്യൺ റിയാൽ ചിലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തിൽ 45000 സീറ്റുകളാണ് ഉണ്ടായിരിക്കുക. എട്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് നിർമ്മാണ പ്രവൃത്തികൾ.
ദമ്മാം റാക്കയിലെ സ്പോർട്സ് സിറ്റി ഏരിയയിലാണ് പുത്തൻ കളിക്കളം ഒരുങ്ങുന്നത്. അൽനഹ്ദ, ഇത്തിഫാഖ് ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിനോട് ചേർന്നുള്ള ഭാഗത്തായാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം. അതിവേഗ നിർമ്മാണത്തിലുൾപ്പെടുത്തിയ ഈ പ്രൊജക്ട് 2026 പകുതിയോടെ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. യു.കെ ആസ്ഥാനമായ ഫോസ്റ്റർ പാർട്ണേഴ്സാണ് പ്രൊജക്ട് കൺസൾട്ടന്റ്. പുതിയ സ്റ്റേഡിയം യാഥാർഥ്യമാവുന്നതോടെ സൗദിയുടെ കായിക മേഖല കൂടുതൽ ഉയരങ്ങളിലേക്ക് എത്തും.