ഐപിഎൽ പോരാട്ടം ദിവസങ്ങൾ കഴിയുംതോറും മുറുകുകയാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധം മത്സരം കടുത്തുകൊണ്ടിരിക്കുന്നു. മത്സരത്തിന്റെ തുടക്കം മുതൽ വാർത്തകളിൽ നിറയുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് കഴിഞ്ഞ ദിവസം ലഖ്‌നൗവുമായുള്ള മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മറ്റൊരു തിരിച്ചടികൂടി നേടിടേണ്ടി വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന് ഹാർദിക് 24 ലക്ഷം രൂപ പിഴയടക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് ബിസിസിഐ. ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇത് രണ്ടാം തവണയാണ് മുംബൈക്ക് പിഴ ലഭിക്കുന്നത്. ഹാർദിക്കിന് പുറമെ ടീമിലെ ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളും പിഴയടക്കേണ്ടിവരും. ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ ഇതിൽ ഏതാണോ കുറവുള്ളത് അതാണ് മറ്റുള്ളവർ പിഴയായി അടയ്ക്കേണ്ടത്.
നേരത്തേ കുറഞ്ഞ ഓവർ നിരക്ക് കാരണം ഹാർദിക് 12 ലക്ഷം രൂപ പിഴ അടച്ചിരുന്നു. ഇത്തവണ ഇരട്ടി തുകയാണ് അടയ്ക്കേണ്ടത്. ഒൻപത് മത്സരങ്ങളിൽ മൂന്ന് എണ്ണത്തിൽ മാത്രം വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് നിലവിൽ മുംബൈ.