യുഎഇയിൽ തുടർച്ചയായി മഴയുടെ മുന്നറിയിപ്പെത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഉൾപ്പെടെയുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾക്കും വിവരങ്ങൾക്കും പുറമെ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ.
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുമ്പ് യുഎഇയിൽ പെയ്ത റെക്കോർഡ് മഴയേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇതോടെ മഴയുടെ മുന്നറിയിപ്പെത്തുമ്പോൾ ഭയത്തോടെയാണ് യുഎഇ നിവാസികൾ അവയെ നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളിൽ അനാവശ്യ ഭീതിയാണ് ഉണ്ടാക്കുന്നത്. സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നതെന്നും രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത്തരം വാർത്തകൾ ഭീഷണിയാണെന്നും ഉമ്മുൽ ഖുവൈൻ പൊലീസ് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രമേ ജനങ്ങൾ വിശ്വസിക്കാവൂ എന്നും വാർത്തകൾ സത്യമാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇവ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിൽ വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും 1,00,000 ദിർഹം മുതൽ 2,00,000 ദിർഹം വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.