ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ സര്‍വീസ് നടത്തും. നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കോഴിക്കോട്- ബംഗളുരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നിലവിലെ തീരുമാനം.
ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കെഎസ്ആർടിസിയിൽ തുടങ്ങി. ടോയ്ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വ്വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും.
സംസ്ഥാന സര്‍ക്കാരന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങാനാണ് ധാരണ.