കടലിൽ മുത്ത് വാരിയും മീൻ പിടിച്ചും മത്സരിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. പരമ്പരാഗത മുത്തുവാരൽ-മീൻപിടിത്ത മത്സരമായ സെൻയാർ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് ഏപ്രിൽ 30ന് തുടക്കം കുറിക്കാൻ പോവുകയാണ്. മേയ് മൂന്നുവരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെയായിരിക്കും മേള നടക്കുക എന്ന് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ കതാറ വെബ്സൈറ്റായ katara.nte വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ വ്യക്തമാക്കി. ‘ഒരുമിച്ച് കടലിൽ പോകുക’ എന്നാണ് സെൻയാർ എന്ന വാക്കിന്റെ അർഥം.
ഖത്തറിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കുക എന്നതാണ് സെൻയാർ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, സെൻയാർ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിലൂടെ യുവതലമുറയിൽ കടലിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും കുറിച്ച് ആഴത്തിലുള്ള മതിപ്പും മൂല്യവും വളർത്തിയെടുക്കാനാണ് കതാറയുടെ ശ്രമം. വെള്ളിയാഴ്ച തുടക്കം കുറിച്ച ‘അൽ നഹ്മ’ കടൽ സംഗീത പരിപാടിക്കൊപ്പം കതാറ വർഷങ്ങളായി തുടരുന്ന സമുദ്ര പൈതൃക പരിപാടികളിലൊന്ന് കൂടിയാണ് സെൻയാർ. ഖത്തരി നാവിക പൈതൃകത്തിൽ സെൻയാർ ഫെസ്റ്റിവൽ ഇതിനോടകം തന്നെ ഒരു സുപ്രധാന മേളയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് കതാറ അഭിപ്രായപ്പെടുന്നു. യുവ തലമുറക്ക് അവരുടെ സമ്പന്നവും ആധികാരികവുമായ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന യഥാർഥ അനുഭവം സമ്മാനിക്കുകയും ചെയ്യുന്നതാണ് സെൻയാർ ഫെസ്റ്റിവലിന്റെ ഓരോ എഡിഷനും.
ഹദ്ദാഖ്, ലിഫാഹ് എന്നിങ്ങനെ രണ്ട് മത്സരങ്ങളാണ് നടക്കുക. ഹദ്ദാഖ് എന്നാൽ ഹാൻഡ്-ലൈൻ മത്സ്യബന്ധനമാണ്. മുത്തുവാരൽ മത്സരമാണ് ലിഫാഹ്. കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവലിൽ ഗൾഫ് സഹകരണ സമിതി രാജ്യങ്ങളിൽ നിന്ന് 64 മത്സരാർഥികളും ഖത്തറിൽ നിന്ന് 47 പേരുമുൾപ്പെടെ 58 ടീമുകളിലായി 697 പേർ പങ്കെടുത്തിരുന്നു. ആദ്യ 15 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് വൻതുകയാണ് സമ്മാനമായി ലഭിക്കുക. എന്നാൽ, കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തോളം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് 2023ലാണ് സെൻയാർ ഫെസ്റ്റിവൽ പുനരാരംഭിച്ചത്. കതാറ സംഘടിപ്പിക്കുന്ന പ്രധാന സമുദ്ര മേളകളിലൊന്നാണ് സെൻയാറെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ഇബ്രാഹിം അൽ സുലൈതി പറഞ്ഞു.