ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു.ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പുതിയ പാർട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്.ഒരു മാസം മുൻപാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജി വച്ചത്. ജനാധിപത്യപരം മാത്രമല്ല, എല്ലാ തരത്തിലുള്ള സ്വാധീനങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയതുമായിരിക്കും പുതിയ പാർട്ടിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മഞ്ഞ, വെള്ള, നീല നിറങ്ങൾ ചേർന്നതായിരിക്കും ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ പതാക.
ജമ്മു കശ്മീരിലെ ജനങ്ങൾ ആണ് പുതിയ പാർട്ടിയുടെ പേരും പതാകയും തീരുമാനിക്കുക എന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എല്ലാവർക്കും മനസിലാവുന്ന തരത്തിലുള്ള ഹിന്ദുസ്ഥാനി പേരായിരിക്കും നൽകുക എന്നും ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ജമ്മു കാശ്മീരിലാണ് പുതിയ പാർട്ടിയുടെ ആദ്യ യൂണിറ്റ്. കൂടാതെ കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.