ലോക പുസ്തകദിനത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ഒരു സമ്മാനവുമായി ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള മുവാസലാത്തു(കർവ)മായി സഹകരിച്ച് മൊബൈൽ ലൈബ്രറിക്ക് തുടക്കം കുറിച്ചുകൊണ്ട് വരും തലമുറയെ വായനയിലേക്ക് ആകർഷിക്കുകയാണ് ഖത്തർ. ഉം അൽ അമാദ് ബോയ്സ് മോഡൽ സ്കൂളിലാണ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാർ സ്കൂൾ വിദ്യാർഥികൾക്കിടയിൽ വായനാശീലം വളർത്തുകയും പുതുമയുള്ള വായനാന്തരീക്ഷം നൽകുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ബസ് നിറയെ പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച് ലൈബ്രറി ഇനി കുട്ടികൾക്കിടയിൽ ഓടിത്തുടങ്ങും.
അതേസമയം, ക്ലാസ്സ് മുറികളിലെ പഠന സമയങ്ങൾക്ക് ശേഷം ലഭിക്കുന്ന സമയങ്ങൾ ക്രിയാത്മകമായി ചെലവഴിക്കാനും വായനാ സംസ്കാരം കെട്ടിപ്പടുക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മഹ സായിദ് അൽ റുവൈലി പറഞ്ഞു. ഭാഷയും വ്യക്തിഗത ശേഷികൾ വളർത്താനും അറിവ് വർധിപ്പിക്കാനും ഇത്തരം വായന ഉപകരിക്കും. ക്ലാസ്റൂം ചുമരുകൾക്കു പുറത്ത് വേറിട്ട വായനാന്തരീക്ഷമാണ് മൊബൈൽ ലൈബ്രറികൾ ഓരോ വിദ്യാർത്ഥിയ്ക്കും സമ്മാനിക്കുന്നത്. കൂടാതെ, വായനയ്ക്കൊപ്പം ചർച്ച, കളികൾ, കൂട്ടം ചേർന്ന വായന എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. ഈ മഹത്തായ സംവിധാനത്തിൽ കർവയുടെ പങ്കാളിത്തത്തിന് മഹ സായിദ് അൽ റുവൈലി നന്ദി അറിയിച്ചു. മന്ത്രാലയവുമായി കൈകോർത്തുകൊണ്ട് പുതുതലമുറയുടെ വായനാ വിപ്ലവത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് കർവ ആക്ടിങ് സി.ഇ.ഒ അഹ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു.
പുസ്തകങ്ങൾ, ഗെയിമുകൾ, പഠന സഹായികൾ, കളിയുപകരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ മൊബൈൽ ലൈബ്രറി. രണ്ടു നിലകളിലായി 30 വിദ്യാർഥികളെ ഒരേസമയം ബസിൽ ഉൾക്കൊള്ളാൻ കഴിയുമെന്നതും പ്രത്യേകതയാണ്. ആദ്യ നില പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, സ്മാർട്ട് ടാബ്ലറ്റ്സ് എന്നിവ ഉൾക്കൊള്ളുന്നതാണ്. സ്മാർട് ടി.വി സ്ക്രീനിൽ കുട്ടികൾക്കായി വിവിധ ചോദ്യോത്തരങ്ങളടങ്ങിയ സെഷനുകളാണ് രണ്ടാം നിലയിലുള്ളത്.