അവതാരകയെ അഭിമുഖത്തിനിടെ അപമാനിച്ചുവെന്ന പരാതിയിൽ യുവനടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തിയപ്പോൾ കൊച്ചി മരട് പൊലീസാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐപിഎസി 509, 354 (എ), 294 (ബി) എന്നിവയാണ് വകുപ്പുകൾ.
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷൻ അഭിമുഖത്തിനിരിക്കവെ പൊതുസ്ഥലത്ത് വച്ച് അസഭ്യം പറഞ്ഞെന്നാണ് അവതാരക നൽകിയ പരാതി. പൊലീസിനും വനിതാ കമ്മീഷനും നിർമ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ അസുഖകരമായിരുന്നുവെന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയതായും അവതാരക പരാതിയിൽ ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്ന് സ്റ്റേഷനിൽ എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചെങ്കിലും ഉച്ച തിരിഞ്ഞ് മരട് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിൻ്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.