യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ രാത്രിയോടെ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ന് പൊതുവെ അന്തരീക്ഷം ഈർപ്പം നിറഞ്ഞതാകാൻ സാധ്യതയുള്ളതിനാൽ ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അതോടൊപ്പം നേരിയ തോതിൽ കാറ്റ് വീശുമെന്നും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ തിരമാലകൾ പ്രതീക്ഷിക്കാമെന്നും വിലയിരുത്തുന്നുണ്ട്.
ഇന്ന് അബുദാബിയിലും ദുബായിലും ഏകദേശം 21 ഡിഗ്രി സെൽഷ്യസ് മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് അനുഭവപ്പെടുകയെന്നും അധികൃതർ വ്യക്തമാക്കി.