ഗൾഫ് മേഖലയിൽ പെയ്തൊഴിഞ്ഞ ശക്തമായ മഴയ്ക്ക് ശേഷം സൗദിയിൽ വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഏപ്രിൽ 26 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
ഏപ്രിൽ 30 വരെ സൗദിയിൽ മഴയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിയാദ്, മക്ക, ജസാൻ, അസീർ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ് ഉൾപ്പടെയുള്ള മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാഹന യാത്രക്കാർ ഗതാഗത നിർദേശങ്ങൾ അനുസരിച്ച് യാത്ര ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
ഈ കാലയളവിൽ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും താഴ്വരകളും ജലാശയങ്ങളും ഉൾപ്പെടെയുള്ളവ സന്ദർശിക്കരുതെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശിച്ചു. അതോടൊപ്പം മെയ് മാസത്തിൽ രാജ്യത്ത് ശരാശരിയിൽ കവിഞ്ഞുള്ള മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.