ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ നൽകുന്നതിനുള്ള അവസാന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ). ഏപ്രിൽ 30 നാണ് അവസാന തിയതി. 2018ലെ 24ാം നിമയവും അനുബന്ധ ചട്ടങ്ങളും അനുസരിച്ച് ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ബാധ്യസ്ഥരാണെന്ന് ജി.ടി.എ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മാത്രമല്ല, ഖത്തരികളുടെയോ മറ്റ് ജി.സി.സി പൗരന്മാരുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികൾക്കും ഇത് ബാധകമാണ്. കൂടാതെ ഖത്തരി ഇതര പങ്കാളികളുള്ള കമ്പനികൾക്കും ഇത് ബാധകമായിരിക്കും. വാണിജ്യ രജിസ്ട്രേഷനോ ലൈസൻസോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേൺ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ, കമ്പനികൾ ഏതെങ്കിലും വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഇവിടെ പരിഗണിക്കുകയില്ലെന്നും ജി.ടി.എ വ്യക്തമാക്കി.
എല്ലാ നികുതിദായകരും അവരുടെ നികുതി റിട്ടേണുകൾ കൃത്യസമയത്ത് തന്നെ സമർപ്പിക്കണം. ലളിതമാക്കിയ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് ദരീബ ടാക്സ് പോർട്ടലിലൂടെയോ (www.dhareeba.qa) അല്ലെങ്കിൽ ദരീബ ആപ്ലിക്കേഷൻ വഴിയോ (കമ്പനികൾക്ക് ആക്സസ് ചെയ്യാവുന്ന) നിശ്ചിത സമയപരിധിക്കുമുമ്പ് സമർപ്പിച്ചിരിക്കണമെന്നും അതോറിറ്റി ജനങ്ങളെ ഓർമിപ്പിച്ചു. അതേസമയം, സാമ്പത്തിക പിഴകളും വൈകി ഫയൽ ചെയ്യുന്നതിനുള്ള പിഴകളും ഒഴിവാക്കുന്നതിന് വേണ്ടി നികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ എല്ലാ കമ്പനികളും അവരുടെ അന്തിമ അക്കൗണ്ടുകൾ നിർബന്ധമായും അതിൽ ഉൾപ്പെടുത്തണം. സമയബന്ധിതമായി എല്ലാവരും നികുതി റിട്ടേൺ ഫയലിങ് നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജി.ടി.എ പ്രസ്താവനയിൽ ആവർത്തിച്ചു.