പുകയില ഉല്പന്നങ്ങളുടെ ആകർഷണം കുറയ്ക്കുന്നതിനായി പാക്കിങ്ങിൽ വ്യത്യാസം വരുത്താനൊരുങ്ങി ഒമാൻ. പ്ലെയിനായ ബോക്സുകളിൽ ഇവ മാർക്കറ്റിലെത്തിക്കുന്നതിനായി ലളിതമായ പാക്കിങ് രീതിയാണ് നടപ്പാക്കുക. പുകയില നിയന്ത്രണത്തിനുള്ള ദേശീയ സമിതിയാണ് പുതിയ പാക്കിങ് രീതി അവതരിപ്പിച്ചത്.
പുകയില ഉല്പന്നങ്ങളുടെ പാക്കിങ്ങിലെ എല്ലാ ഡിസൈനുകളും അവകാശവാദങ്ങളും പ്രൊമോഷണൽ അടയാളങ്ങളുമാണ് നീക്കം ചെയ്യുക. അതേസമയം ബ്രാൻഡിന്റെ പേര് നിലനിർത്താൻ കമ്പനികൾക്ക് അനുവാദവുമുണ്ട്. പുതിയ നിയമപ്രകാരം ഉല്പന്നങ്ങളുടെ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിനും നിലവിലുള്ള സ്റ്റോക്ക് വിനിയോഗിക്കുന്നതിനും 16 മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പ്ലെയിൻ പാക്കേജിങ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് 1,000 റിയാൽ പിഴ ചുമത്തുകയും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും പുകയില ഉപഭോഗം കുറയ്ക്കാൻ പ്ലെയിൻ പാക്കിങ് ഉപകരിക്കുമെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച പഠനങ്ങൾ തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.