രാജ്യത്ത് തെരഞ്ഞെടുപ്പിന്റെ ചൂട് കാലം കൂടിയാണിത്. ലോക്സഭ തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും ജനങ്ങൾ തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്യാൻ എത്തിയത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. ഇവരിൽ വോട്ട് ചെയ്യാൻ എത്തിയ നടൻ വിജയ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് വോട്ട് ചെയ്യാൻ എത്തിയ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.
ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചത്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ താരം ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടുകാരും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി. വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.