മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.
മലപ്പുറം നിലമ്പൂരില്‍ ആര്യാടൻ ഉണ്ണി- കദിയുമ്മ ദമ്പതികളുടെ ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന് മുഹമ്മദിന്റെ ജനനം. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം.ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക്. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി.1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗമായി. 1969ൽ മലപ്പുറം ജില്ല രൂപംകൊണ്ടപ്പോൾ ഡിസിസി പ്രസിഡന്റായി. 1978 മുതൽ കെപിസിസി സെക്രട്ടറിയായെങ്കിലും കന്നി തെരഞ്ഞെടുപ്പില്‍ തോറ്റു. 1965ലും, 1967ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ. കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ പ്രതിയായ ആര്യാടനെ ഹൈക്കോടതി കുറ്റവിമുക്താനാക്കി. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി.
പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റ ആര്യാടൻ എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോള്‍ ആ വർഷം എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പായിരുന്നു കൈകാര്യം ചെയ്തത്.1987മുതൽ 2011 വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ച ആര്യാടൻ 1995, 2001ലും മന്ത്രിസഭയിൽ അംഗമായിരുന്നു. തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കിയിട്ടുണ്ട്.
വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുമുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് മകനാണ്.